മുംബൈ: ഗണേശോത്സവം ശനിയാഴ്ച സമാപിക്കാനിരിക്കെ മുംബൈ നഗരത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് അജ്ഞാതന്റെ ഭീഷണി സന്ദേശം. മുംബൈ നഗരത്തിൽ 34 വാഹനങ്ങളിൽ ആർഡിഎക്സ് ഉണ്ടെന്നാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. വാട്ട്സ്ആപ്പിലൂടെയാണ് പോലീസിന് ഭീഷണി സന്ദേശം ലഭിച്ചത്
പത്ത് ദിവസത്തെ ഗണേശോത്സവത്തിന്റെ സമാപന ചടങ്ങായ അനന്ത ചതുർഥി ആഘോഷത്തിനായി തയാറെടുക്കവെയാണ് ട്രാഫിക് പോലീസിന്റെ കൺട്രോൾ റൂമിലെ ഹെൽപ്പ്ലൈനിലേക്കു ഭീഷണി സന്ദേശം ലഭിച്ചത്.
‘ലഷ്കർ-ഇ-ജിഹാദി’ എന്നാണ് സന്ദേശം അയച്ചയാൾ സ്വയം പരിചയപ്പെടുത്തിയത്. 14 പാക്കിസ്ഥാനി ഭീകരർ ഇന്ത്യയിൽ പ്രവേശിച്ചതായും 400 കിലോ ആർഡിഎക്സ് സ്ഫോടനത്തിനായി ഉപയോഗിക്കുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.
സ്ഫോടനത്തിലൂടെ ‘‘ഒരു കോടി ആളുകളെ കൊല്ലാൻ കഴിയുമെന്നും’’ സന്ദേശത്തിലുണ്ട്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ മുംബൈയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടി. ആന്റി ടെററിസം സ്ക്വാഡിന് വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
എല്ലാ മുൻകരുതലകളും സ്വീകരിച്ചിട്ടുണ്ട്. എല്ലാ സ്ഥലങ്ങളിലും പരിശോധന നടത്തുകയാണെന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.